Monday 29 July 2019

പഞ്ചമ വിദ്യാലയങ്ങള്‍

ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്കും പുറത്തുളളവരാണ് പഞ്ചമര്‍. ആ വ്യവസ്ഥ അംഗീകരിക്കുന്ന സമൂഹത്തിലാണ് ആധികാരിക രേഖകളില്‍ പോലും പഞ്ചമപ്രയോഗം കടന്നു വരുന്നത്. മലബാര്‍ ഗസറ്റിയര്‍ മൂന്നാം ഭാഗത്തിലാണ് പഞ്ചമസ്കൂളുകള്‍ എന്ന വിശേഷണത്തോടെ ഒരു കുറിപ്പുളളത്. അത് വായിക്കാം.

കേരളത്തിന്റെ വടക്കന്‍‍ പ്രദേശങ്ങളിലാണ് പ‍ഞ്ചമവിദ്യാലയങ്ങള്‍ എന്ന പേരില്‍ സ്കൂളുകളുണ്ടായിരുന്നത്. ചില ഉദാഹരണങ്ങള്‍ ചുവടെ-
പെരുന്തല്‍ മണ്ണയില്‍ ഒരു പഞ്ചമ സ്കൂള്‍ ഉണ്ട്.1917ല്‍ കരുണാകരമേനോന്‍ എന്ന സാമൂഹ്.പ്രവര്‍ത്തകന്‍ അധസ്ഥിതര്‍ക്കായി സ്ഥാപിച്ചതാണിത്. ഗവ ഈസ്റ്റ് എല്‍ പി സ്കൂള്‍ എന്നാണ് രേഖയില്‍ പേരെങ്കിലും ഇപ്പോഴും പഞ്ചമ സ്കൂള്‍ എന്നാണ് അറിയപ്പെടുന്നത്.
കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലെ വി എസ് കിഴൂർ1927 ൽ സ്ഥാപിതമായി താഴ്ന്ന വിഭാഗങ്ങളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത്‌ . അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു
ലക്കിടി കൃഷ്ണ മെമ്മോറിയല്‍ സീനിയര്‍ ബേസിക് സ്കൂള്‍ പിന്നാക്ക ജാതിക്കാര്‍ക്ക് അറിവുപകരുക എന്ന ലക്ഷ്യത്തോടെ 1919 നവംബറില്‍ വടക്കത്ത് കൃഷ്ണന്‍നായരും കെ.കെ. ശങ്കരനെഴുത്തച്ഛനുമാണ് തുടങ്ങിയത്. ആദ്യകാലത്ത് പഞ്ചമ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം 1933-ല്‍ ആദിദ്രാവിഡ ജൂനിയര്‍ ബേസിക് സ്കൂളായി.
പൂക്കോട്ട് കാവ് ഗ്രമപഞ്ചായത്തിലും ഒരു പഞ്ചമസ്കൂള്‍ ഉണ്ടായിരുന്നു. 1902-ല്‍ കുളങ്ങര മാധവന്‍ നായര്‍  തുടങ്ങിയതാണ് ഇപ്പോഴത്തെ മുന്നൂര്‍കോട് എല്‍.പി.സ്കൂള്‍. ഇദ്ദേഹത്തിന്റെ മരുമകന്‍ ഗോപാലന്‍നായര്‍ മുന്നൂര്‍കോട്ട് പഞ്ചമ സ്കൂള്‍ തുടങ്ങി. ഇതില്‍ അധ:കൃതരെ പ്രത്യേകം ക്ഷണിച്ച് വരുത്തി അഭ്യസിപ്പിച്ചിരുന്നു
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമാത്രമായുള്ള ആദി ദ്രാവിഡ പഞ്ചമ സ്കൂള്‍ കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പിലും 1917-ല്‍സ്ഥാപിതമായി
ജി.എൽ.പി,എസ്.തെക്കുംമുറി - കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു പഞ്ചമി ആയി
ചേമഞ്ചേരി പഞ്ചായത്തിലും പഞ്ചമ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു
കള്ളിവളപ്പില്‍ നാരായണന്‍ എന്ന അപ്പുകുട്ടനെഴുത്തശ്ശനണ് എഴുവന്തലയിലെ ആദിദ്രാവിഡ പഞ്ചമസ്കൂളിന്റെ സ്ഥാപകന്‍
തെക്ക് പഞ്ചമിയുടെ വിദ്യാലയം ഉണ്ട്. അത് പോരാട്ടത്തിന്റെ പേരാണ്.


Saturday 27 July 2019

സ്കൂളുകളില്‍ ദേശീയഗാനത്തിനു മുമ്പ് എന്തായിരുന്നു ആലപിച്ചിരുന്നത്?


തിരുവിതാംകൂര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രീചിത്രപാഠാവലയില്‍  വഞ്ചീശമംഗളമാണ് നല്‍കിയിട്ടുളളത്.
ഇത്ആലപിച്ചാണ് പാഠശാലയില്‍ ഓരോ ദിവസവും ആരംഭിച്ചിരുന്നത്.
 വഞ്ചിഭൂപതേ ചിരം
സഞ്ചിതാഭം ജയിക്കണം
ദേവദേവന്‍ ഭവാനെന്നും
ദേഹസൗഖ്യം വളര്‍ത്തണം
ത്വശ്ചരിതമെന്നും ഭൂമൗ
വിശ്രുതമായ വിളങ്ങേണം
മര്‍ത്യമനമേതും ഭവല്‍
പത്തനമായ ഭവിക്കേണം
താവകമാകും കുലം മേന്മേല്‍
ശ്രീവളര്‍ന്നുല്ലസിക്കണം
മാലകറ്റിച്ചിരം പ്രജാ
പാലനം ചെയ്തരുളണം
വഞ്ചീശമംഗളം കേള്‍ക്കാം ( യു ട്യൂബില്‍) 
  ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുളള സ്കൂളുകളില്‍ യൂണിയന്‍ ജാക്ക് ഉയര്‍ത്തുമായിരുന്നു
ബ്രിട്ടീഷുകാരെ പുകഴ്ത്തുന്ന ഗീതമാണ് ആലപിച്ചിരുന്നത്
അതില്‍ ഒരു ഭാഗം അക്കാലത്ത് കൈപ്പമംഗലം ഫിഷറീസ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും അധ്യാപനുമായ കിഴക്കേടത്ത് രാമകൃഷ്ണന്ർമാസ്റ്റര്‍ ഓര്‍മയില്‍ നിന്നും ചൊല്ലിയത് രേഖപ്പെടുത്തിയിട്ടുണ്ട്
ദൈവമേ ജഗദീശാ
നമ്മുടെ ഭൂപാലന് മംഗളം
ക്ഷേമമമോടെ അടക്കി ഇന്ത്യയെ
വാഴുവാന്‍ ബഹുമംഗളം
ദേശീയഗാനമായി ജനഗണമന അംഗീകരിച്ചെങ്കിലും 1951ജൂലൈ 17ന് ആണ് ഇതിന്റെ അച്ചടിച്ച കോപ്പി തിരുകൊച്ചിയിലെ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്നത്. അത് കൈപ്പറ്റി ഹെഡ്മാസ്ററര്‍ രശീതി നല്‍കിയകായി മൂര്‍ക്കനിക്കര സ്കൂളിന്റെ രേഖകളില്‍ കാണുന്നു. അതോടെ വിദ്യാലയങ്ങളില്‍ ദേശീയഗാനാലപനം പതിവായി
അതത് കാലത്തെ ഭരണവ്യവസ്ഥ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസം ഭരണവ്യവസ്ഥയ്ക് അതീതമായി നിലനില്‍ക്കില്ല.
തിരുവിതാം കൂറിന്റെ ശംഖ് മധ്യത്തില്‍ ആലേഖനം ചെയ്ത ചുമന്ന പതാക താഴുകയും ദേശീയപതാക ഉയരുകയും ചെയ്തു
 

Friday 26 July 2019

ഏഴിലും പഠനം തുടങ്ങാം. പക്ഷേ തോല്‍ക്കണം


നാലാം ക്ലാസ് വരെയുളള പഠനഭാഗ്യം ലഭിക്കാത്ത കവിയാണ് ആറ്റൂര്‍ രവിവര്‍മ.
അതിനാല്‍ സാധാരണകുട്ടിക്കുവേണ്ട എലിമെന്ററി നോളജ് തനിക്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഏഴാം ക്ലാസില്‍ വെച്ച് പഠനം ആരംഭിക്കാവുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു, 
അതിന് പരീക്ഷ എഴുതണം. തോല്‍ക്കണം. പഠിക്കാനായി തോല്‍ക്കണം എന്ന വിചിത്രനിബന്ധന!
തോറ്റു ഏഴില്‍ തന്നെ പഠിക്കണം. 
അങ്ങനെയാണ് മലയാളത്തിന്റെ പ്രശസ്തകവി വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകള്‍ കയറിയത്. 
എട്ടാം ക്ലാസില്‍ വെച്ച് ആദ്യ കവിത ഏഴുതുന്നു. അതിനെക്കുറിച്ച് കവി പറയുന്നു-
 "ചെറുതുരുത്തിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിയത്.  
ആ സമയത്ത് കവിത പ്രസിദ്ധീകരിക്കുന്നതിനെ ക്കുറിച്ചൊന്നും കേട്ടറിവുപോലുമുണ്ടായിരുന്നില്ല.  
പിന്നീട് കോഴിക്കോട് പഠിക്കുന്ന കാലത്ത് കോരുപണിക്കര്‍ എന്നൊരു മലയാളം അധ്യാപകനുണ്ടായിരുന്നു.  
അദ്ദേഹവും ഞാനും താമസിച്ചിരുന്നത് തിരുവണ്ണൂരിലായിരുന്നു.  
ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് രാവിലെ കോളേജിലേക്ക് നടക്കുക.  
അദ്ദേഹം അന്ന് കോഴിക്കോട്ടുനിന്ന് ഇറങ്ങുന്ന യുവശക്തി എന്നു പേരുള്ള പത്രത്തില്‍ പംക്തി എഡിറ്റ് ചെയ്യുന്നുണ്ടായിരുന്നു.  
അദ്ദേഹത്തിന്റെ ആ പംക്തിയിലാണ് എന്റെ കവിത ആദ്യമായി അച്ചടിച്ചുവന്നത്.  
എന്നെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തന്നെയാണ് അങ്ങനെ ചെയ്തത്"
നടന്നെത്താവുന്ന ദൂരത്തില്‍ വിദ്യാലയം ഇല്ലാത്തതിനാലാണ് ആറ്റൂരിന് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ പോയത്. മുളളൂര്‍ക്കരെ വരെ നടക്കാന്‍ കുട്ടിക്കാവില്ലെന്ന് രക്ഷിതാക്കള്‍ . അതിനാല്‍ സ്കൂളിലേക്ക് വിട്ടില്ല.മലയടിവാരത്തിലെ ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 നാണ് ആറ്റൂര്‍ ജനിച്ചത്. ആ ഗ്രാമത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടും പഴങ്കഥകള്‍ കേട്ടുമാണ് ആറ്റൂര്‍ വളര്‍ന്നത്. അത് അദ്ദേഹത്തിന്റെ സര്‍ഗചേതനയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കരുതുന്നു.
സമരം
"സമരങ്ങളിലൊക്കെ നിരന്തരം പങ്കെടുക്കുന്നതു കാരണം എന്നെ സാമൂതിരി കോളേജില്‍നിന്ന് പുറത്താക്കി "

Thursday 25 July 2019

മുണ്ടശേരിക്ക് സ്കോളര്‍ഷിപ്പ്

മണലൂര്‍ പഞ്ചായത്തിലെ കണ്ടശാംകടവില്‍ ആഗ്ലോ വെര്‍ണാക്കുലര്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. പഠിക്കാന്‍ കുട്ടികളില്ലാതെ ഇത് നിന്നു പോയി.
നാട്ടിലെ പൗരപ്രമുഖരായ വടക്കേത്തല പൂവ്വത്തിങ്കല്‍ ദേവസി, തോട്ടുങ്ങല്‍ ചാക്കു കുഞ്ഞിപ്പാലു എന്നിവര്‍ ഈ വിദ്യാലയത്തിന്റെ അവകാശം ഏറ്റെടുത്ത് 1906 ജനുവരി 1ന് സെന്റ് ജോസഫ് ലോവര്‍ പ്രൈമറി സ്കൂള്‍ ആരംഭിച്ചു.
ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം ആയിരുന്നു
ഫീസ് കൊടുത്താലേ പഠിക്കാനാകൂ
  • ഒന്നാം ക്ലാസിന് മൂന്നണ
  • രണ്ടാം ക്ലാസിന് ആറണ
  • മൂന്നാം ക്ലാസിന് ഒമ്പതണ
  • നാലാം ക്ലാസിന് പന്ത്രണ്ടണ
  • ഫിഫ്ത്ത് ഫോറം മുതല്‍ സെവന്ത് ഫോറം വരെ അഞ്ചേകാല്‍ രൂപ എന്നിങ്ങനെയായിരുന്നു ഫീസ്
പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല

പിന്നീട് സ്കൂള്‍ സര്‍ക്കാരിന് കൈമാറി
വസ്തുവിനും കെട്ടിടങ്ങള്‍ക്കുമായി സര്‍ക്കാര്‍ 8000രൂപ വകയിരുത്തി ഉടമകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു
ആണ്ടുതോറും ഏഴാം ക്ലാസില്‍ കൂടുതല്‍ മാര്‍ക്കു നേടി ഒന്നും രണ്ടും സ്ഥാനക്കാരാകുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ ഈ തുക ഉടമകള്‍ സര്‍ക്കാരിനെത്തന്നെ ഏല്‍പ്പിച്ചു
ആദ്യമായി സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയാണ് പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി മാറിയ ജോസഫ് മുണ്ടശേരി